കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

കാസർകോട്: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിയോടെ തന്നെ എല്ലാ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.
രണ്ട് കോടി എഴുപത്തിയൊന്ന് ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തി തൊള്ളായിരത്തി അൻപത്തിരണ്ട് (2,71,42,952) വോട്ടർമാരാണ് ഇത്തവണ വോട്ടർ പട്ടികയിലുള്ളത്. ഇതിൽ ഒരു കോടി മുപ്പത്തി ഒമ്പത് ലക്ഷത്തോളം സ്ത്രീ വോട്ടർമാരും, ഒരു കോടി മുപ്പത്തി രണ്ട് ലക്ഷത്തോളം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. കന്നി വോട്ടർമാരുടെ വലിയൊരു നിര തന്നെ ഇത്തവണ ബൂത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുഗമമായ വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 76,000 പോലീസ് സേനാംഗങ്ങളും രംഗത്തുണ്ട്. സംസ്ഥാനത്തെ 2,040 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 11,03,618 വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലായി ആകെ 1,141 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നത്. ജില്ലയിലെ മുതിർന്ന വോട്ടർമാരും ഭിന്നശേഷിക്കാരും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
ജില്ലയിലെ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മാതൃകാ പോളിംഗ് ബൂത്തുകളും അഞ്ച് വനിതാ സ്പെഷ്യൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ തന്നെ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 16 കമ്പനി കേന്ദ്രസേനയും 2,000-ത്തോളം പോലീസുകാരുമാണ് ജില്ലയിൽ ക്രമസമാധാന ചുമതലയിലുള്ളത്. മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് സമാധാനപരമായി മുന്നേറുന്ന പശ്ചാത്തലത്തിൽ മികച്ച പോളിംഗ് ശതമാനം കാസർകോട് ഇത്തവണ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് സമയം. കൃത്യം 6 മണിക്ക് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *