കാസര്‍കോട് ആറുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് വിദ്യാനഗര്‍ പോലീസ്

കാസര്‍കോട്: വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആറുവയസ്സുകാരനായ ബാലനെ രണ്ടാനച്ഛനായ ഷൗക്കത്തലി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31-നും ഏപ്രില്‍ ഒന്നിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ മുടിക്ക് കുത്തിപ്പിടിക്കുകയും കൈകൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തതായാണ് പരാതി.
ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മര്‍ദ്ദന വിവരം പുറത്തറിയിച്ചത്. ഒരാള്‍ തന്റെ മൊബൈല്‍ ഫോണില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാനഗര്‍ സ്റ്റേഷനിലെ ‘ചൈല്‍ഡ് ഫ്രണ്ട്‌ലി’ റൂമില്‍ വെച്ച് വനിതാ പോലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
മൂന്ന് മാസം മുന്‍പാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഷൗക്കത്തലിയോടൊപ്പം താമസം തുടങ്ങിയത്. മര്‍ദ്ദനമേറ്റ കുട്ടിയെ കൂടാതെ മറ്റ് രണ്ട് സഹോദരങ്ങള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാനഗര്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *