നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം; ഭാരവാഹിത്വം രാജിവച്ച് കെ എം അഷ്റഫ്

മഞ്ചേശ്വരം; നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാനിരിക്കെ മഞ്ചേശ്വരത്ത്
നോമിനേഷൻ പിൻവലിക്കാൻ എസ് ഡി പി ഐ. സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ അഷ്‌റഫിന് കടുത്ത അതൃപ്തിയാണുള്ളത്. ഇത് പ്രകടിപ്പിച്ചുകൊണ്ട് അഷ്‌റഫ് എസ്ഡിപിഐ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും രാജിഭീഷണി മുഴക്കുകയും ചെയ്തു.

എന്‍ഡിഎ കാലങ്ങളായി രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന, ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി കരുതുന്നയിടമാണ് മഞ്ചേശ്വരം. മുസ്ലീം ലീഗിന്റെ എകെഎം അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സമാനമായ പേരുള്ള കെ എം അഷ്‌റഫ് കൂടി മത്സരരംഗത്തേക്ക് എത്തുമ്പോള്‍ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്നും ഇത് ബിജെപിയെ സഹായിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ യുഡിഎഫിന്റെ വിലയിരുത്തല്‍. മറ്റ് പല സംഘടനകളും വഴി എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനായി യുഡിഎഫ് ശ്രമങ്ങള്‍ നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ എന്‍ഡിഎയ്ക്ക് ഗുണമാകുമെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥാനാര്‍ഥിത്വം വേണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ഏതായാലും എസ്ഡിപിഐയുടെ നിലപാട് യുഡിഎഫിന് വലിയ ആശ്വാസം നല്‍കുന്നതാണ്.

അതേസമയം പത്രിക പിന്‍വലിക്കാന്‍ പാര്‍ട്ടി പറഞ്ഞതില്‍ കെഎം അഷ്‌റഫിന് കടുത്ത അതൃപ്തിയാണുള്ളത്. താന്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നെല്ലാം ഒഴിയുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യോഗം തുടങ്ങി കുറച്ചുനേരത്തിനുള്ളില്‍ തന്നെ അദ്ദേഹം ഇറങ്ങിപ്പോയിരുന്നു. പത്രിക പിന്‍വലിക്കാന്‍ അദ്ദേഹം കളക്ട്രേറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *