കുമ്പളയില്‍ അനധികൃതമായി കടത്തിയ മണലും ടിപ്പര്‍ ലോറിയുമായി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. മണക്കടത്തിനു വഴിയൊരുക്കിയ ആളെ തിരഞ്ഞ് പോലീസ്
കാസര്‍കോട്: കുമ്പളയില്‍ അനധികൃതമായി മണല്‍ കടത്തിയ സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. മണല്‍ കടത്തുന്നതിന് പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആളെ പിടികൂടുന്നതിനു പൊലീസ് അന്വേഷണമാരംഭിച്ചു.
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ പുഴയോരങ്ങളില്‍ അനധികൃത മണല്‍ കടത്ത് അതിരൂക്ഷമാവുന്നതിനിടയിലാണ് പൊലീസ് നടപടി.
കുമ്പള ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദ്ദേശമനുസരിച്ചു എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണന് ആര് മേനോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു. ടിപ്പര്‍ ഡ്രൈവര്‍ ചേപ്പിനടുക്ക മദീന മന്‍സിലിലെ മൊയ്തീന് കുഞ്ഞി (32), ടിപ്പര്‍ ഉടമ ഷിറിയ ഒളയത്തെ കബീര്‍ (44)എന്നിവരാണ് അറസ്റ്റിലായത്. മൊയ്തീന് കുഞ്ഞിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. ടിപ്പര്‍ ഉടമയെ കോടതിയില്‍ ഹാജരാക്കി .
സര്‍ക്കാര്‍ മുതല്‍ മോഷണക്കേസാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു.
പുത്തിഗെ പുഴയിലെ പാച്ചാണിയില്‍ നിന്നു ടിപ്പറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന പുഴമണലാണ് പൊലീസ് പിടികൂടിയത്. പുഴമണലുമായി ടിപ്പര്‍ അതിവേഗതയില്‍ ഓടിച്ചു പോവുകയായിരുന്ന മൊയ്തീന് കുഞ്ഞിയെ പുത്തിഗെയില്‍ വച്ചാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ടിപ്പര്‍ ഉടമയെയും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്റ്റേഷന് പരിധിയിലെ മണല്‍ കടത്തിനെതിരെ കര്‍ശന നടപടി തുടരുമെന്നു പൊലീസ് മുന്നറിയിപ്പ് നല്കി















Leave a Reply