പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ്.

പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

അപകടം ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ

രാവിലെ കോളേജിലേക്ക് പോകാനായി ബസിൽ കയറുന്നതിനിടെ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് ഷൂ എടുക്കാനായി കുട്ടി തിരികെ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു. ഈ സമയം ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതോടെ പിടിവിട്ട് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

നിയന്ത്രണം വിട്ടു വീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *