അനന്തപുരം ക്ഷേത്രപരിസരത്ത് മലിന്യം തള്ളിയ സംഭവം; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

കാസര്‍കോട്: കുമ്പള അനന്തപുരം തടാകക്ഷേത്രത്തിന് സമീപം പയ്യന്നൂരിലെ ബി.കെ.എം ആശുപത്രി മാലിന്യം തള്ളിയെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി മാനേജര്‍ വി.ടി ഇബ്രാഹിം കുഞ്ഞി വ്യക്തമാക്കി.

ആശുപത്രി മാലിന്യങ്ങള്‍ കൃത്യമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറി വരുന്നുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇമേജ്, ഹരിത കര്‍മ്മ സേന എന്നിവര്‍ക്കാണ് ആശുപത്രിയിലെ മാലിന്യങ്ങള്‍ നിശ്ചിത രീതിയില്‍ കൈമാറുന്നത്. അതിനാല്‍ കുമ്പളയില്‍ മാലിന്യം തള്ളിയെന്ന ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്ന് മാനേജര്‍ പറഞ്ഞു.

പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിനായി കുമ്പളയിലെ ഒരു സ്ഥാപനത്തിന് കരാര്‍ നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ലോറിയില്‍ മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിനിടെ ചാക്കുകള്‍ തെറിച്ചുവീണ് അനന്തപുരം ക്ഷേത്രത്തിന് സമീപം കാണപ്പെടുകയായിരുന്നുവെന്ന് വിശദീകരണത്തില്‍ പറയുന്നു. അതാണ് പിന്നീട് ആശുപത്രി മാലിന്യമാണെന്ന തരത്തില്‍ തെറ്റായ വ്യാഖ്യാനത്തിന് ഇടയാക്കിയതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ പുത്തിഗെ പഞ്ചായത്ത് അധികൃതര്‍ കരാറുമായി ബന്ധപ്പെട്ട കമ്പനിയെ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പഞ്ചായത്ത് ഇടപെട്ട് ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി മാലിന്യം നീക്കം ചെയ്യിപ്പിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *