ഒമാനില്‍ ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

ദില്ലി: ഒമാനിലെ സോഹാര്‍ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം കരയില്‍ വെച്ച് ഇന്ത്യാക്കാര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഈ ഡ്രോണ്‍ ആക്രമണത്തില്‍ ആകെ 11 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ 10 പേരും ഇന്ത്യക്കാരാണ്.

പരിക്കേറ്റവരില്‍ അഞ്ചുപേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേര്‍ പ്രാദേശിക ആശുപത്രികളില്‍ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അസീം മഹാജന്‍ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്‌കറ്റില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍ അവഹി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഡ്രോണുകള്‍ പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *