വെള്ളരിക്കുണ്ട്: കാട്ടുപന്നികളുടെ ആക്രമണത്തിന് പിന്നാലെ പ്രകൃതിക്ഷോഭവും കവർന്നതോടെ ദുരിതത്തിലായി വെള്ളരിക്കുണ്ടിലെ കർഷകൻ. വെള്ളരിക്കുണ്ട് സ്വദേശി തോമസ് കെ.പി. കൊച്ചുപറമ്പിലിന്റെ വാഴകൃഷിയാണ് ഒക്ടോബർ ഒന്നിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൂർണ്ണമായി തകർന്നത്. വിളവെടുപ്പിന് പാകമായി നിന്ന 250-ഓളം കുലച്ച വാഴകളാണ് നിലംപൊത്തിയത്.
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നീലേശ്വരം സ്വദേശിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് തോമസ് വാഴകൃഷി നടത്തിയിരുന്നത്. ‘മഞ്ചേരി കുള്ളൻ’ ഇനത്തിൽപ്പെട്ട വാഴകളാണ് ഒടിഞ്ഞുവീണത്. പണിക്കൂലിയടക്കം ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറയുന്നു.
ഒരു മാസം മുൻപാണ് തോമസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന രണ്ടര ഏക്കറോളം സ്ഥലത്തെ കപ്പക്കൃഷി കാട്ടുപന്നികൾ പൂർണ്ണമായി നശിപ്പിച്ചത്. ആ വലിയ നഷ്ടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് അടുത്ത പ്രഹരമായി വാഴകൃഷിയും നശിച്ചത്. തുടർച്ചയായ കാട്ടുപന്നി ശല്യവും പ്രകൃതിക്ഷോഭവും മൂലം വൻ ബാധ്യതയിലാണ് തോമസ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകന്റെ ആവശ്യം.













Leave a Reply