കാസർകോട്: അട്ടേങ്ങാനം വെള്ളമുണ്ടയിൽ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വീട് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളമുണ്ട സ്വദേശി ശരത്തിന്റെ വീടാണ് പൂർണമായും കത്തിനശിച്ചത്.
അമ്പലത്തറ എസ്.ഐ പ്രകാശന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് വീട് കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്. സെപ്റ്റംബർ 28-നും ഒക്ടോബർ നാലിനും ഇടയിലുള്ള ഏതെങ്കിലും ദിവസമാകാം വീടിന് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബർ 28-നാണ് ശരത് അയൽവീടുകളിൽ അതിക്രമിച്ചുകയറി മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് ശരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമസംഭവത്തിന് ശേഷം വീട് പൂട്ടിയിട്ട നിലയിലായിരുന്നു.
മുൻപുണ്ടായ അക്രമ സംഭവത്തിലുള്ള വിരോധം കാരണം ആരെങ്കിലും മനഃപൂർവം വീടിന് തീയിട്ടതാണോയെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ അമ്പലത്തറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Leave a Reply