തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപതുമുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് മൺസൂൺ കാലത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
പരമ്പരാഗത മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അനധികൃത മത്സ്യബന്ധനം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ്
ഉൾനാടൻ മത്സ്യബന്ധനമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് മൺസൂൺ കാലയളവിൽ അനധികൃത മത്സ്യബന്ധന രീതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന ഊത്തകയറ്റം എന്നതിനോട് അനുബന്ധിച്ചു പ്രാദേശികമായി നടത്തുന്ന അനധികൃത മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം സർക്കാർ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.















Leave a Reply