കാഞ്ഞങ്ങാട്: ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കേന്ദ്ര–സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ടി ബി മുക്ത ഭാരത് അഭിയാൻ – JOSH (ജോയിന്റ് സ്ക്വാഡ് ഫോർ ഹെൽത്ത്)’ ടീമിന്റെ ജില്ലാതല രൂപീകരണവും ഉദ്ഘാടനവും നടന്നു. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ടി ബി മുക്ത പഞ്ചായത്തുകളെ ആദരിക്കലും നിർവ്വഹിച്ചു. എം. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ദേശീയതല സമാരംഭത്തിന്റെ തത്സമയ സംപ്രേക്ഷണവും ടി ബി ചാമ്പ്യൻമാരുടെ അനുഭവങ്ങൾ പങ്കുവെക്കലും പരിപാടിയുടെ ഭാഗമായി നടന്നു. സമൂഹ പങ്കാളിത്തത്തോടെ താഴെത്തട്ടിലിറങ്ങി ക്ഷയരോഗ നിർമ്മാർജ്ജനം സാധ്യമാക്കുന്നതിനായി യുവജനങ്ങളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തി മൈ ഭാരത്, എൻ.സി.സി., എൻ.എസ്.എസ്. വോളന്റിയർമാരെ ഉൾപ്പെടുത്തിയാണ് ബ്ലോക്ക്, വാർഡ് തലങ്ങളിൽ ‘ജോഷ്’ ടീമുകൾ രൂപീകരിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി. വി. രമേശൻ, എ.ഡി.എം. പി. ഉദയകുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ ടി ബി ഓഫീസർ ഡോ. കെ. സന്തോഷ് പദ്ധതി വിശദീകരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ് ടി ബി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. കെ. കെ. രേഷ്മ, കാസർകോട് ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം. രാജേഷ്, കാസർകോട് ഗവ. മെഡിക്കൽ കോളേജ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രേഖ കെ. ടി. സ്വാഗതവും ജില്ലാ എഡ്യുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.














Leave a Reply