കുമ്പളയിൽ തെരുവ് നായ ശല്യം രൂക്ഷം: പട്ടിപിടിത്തക്കാർ രംഗത്തിറങ്ങി

കുമ്പള: കുമ്പളയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമായതോടെ വ്യാപക പ്രതിഷേധത്തിനൊടുവിൽ നായകളെ പിടികൂടാൻ പട്ടിപിടിത്തക്കാർ രംഗത്തിറങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിക്കുകയും നിരവധി പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. ഇതോടെ കുമ്പള പഞ്ചായത്ത് ഭരണസമിതിക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

ജനരോഷം ശക്തമായതിനെ തുടർന്നാണ് അടിയന്തര നടപടിയുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് വന്നത്. കാസർകോട് ജില്ലയിൽ തെരുവ് നായ ശല്യം നേരിടുന്ന പഞ്ചായത്തുകളിലേക്ക് പട്ടിപിടിത്തക്കാരെ എത്തിക്കുന്നതിനുള്ള ചുമതല മുളിയാർ പഞ്ചായത്താണ് ഏറ്റെടുത്തിരിക്കുന്നത്. ഇതുപ്രകാരം കുമ്പള പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയാണ് മുളിയാർ പഞ്ചായത്തിലേക്ക് അടച്ചിട്ടുള്ളത്.

തുടർന്ന് കുമ്പള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പട്ടിപിടിത്തക്കാരെ പ്രദേശത്ത് ഇറക്കുകയായിരുന്നു. ഒരു ദിവസം ഏകദേശം 75-ലധികം നായ്ക്കളെയാണ് സംഘം നിലവിൽ പിടികൂടുന്നത്. പിടികൂടുന്ന നായ്ക്കളെ പ്രത്യേക വാനിൽ കയറ്റി വന്ധ്യംകരണത്തിനുള്ള കുത്തിവെപ്പ് നൽകിയ ശേഷം മുള്ളേരിയ വനപ്രദേശങ്ങളിലേക്ക് തുറന്നുവിടും. പഞ്ചായത്തിന്റെ ഈ അടിയന്തര ഇടപെടൽ പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *