കാസർകോട്: ബന്തടുക്ക കുറ്റിക്കോലിൽ നിർമ്മാണം പൂർത്തിയായ വീടിനടിയിൽ കൂറ്റൻ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ധ സംഘം സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി. വീട് വാസയോഗ്യമാണോ എന്ന് വിലയിരുത്തുന്നതിനായി വിശദമായ റിപ്പോർട്ട് സംഘം ഉടൻ തന്നെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് സമർപ്പിക്കും.
കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം വില്ലേജ് ആനക്കല്ല് ഒറ്റമാവുകാലിലെ കെ. സദന്റെ വീടിനടിയിലാണ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി വലിയ ഗർത്തം രൂപപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ജില്ലാ ആസ്ഥാനത്തുനിന്നെത്തിയ പ്രത്യേക സംഘം ഏണി ഉപയോഗിച്ച് ഗർത്തത്തിനുള്ളിലേക്ക് നേരിട്ട് ഇറങ്ങിയാണ് പരിശോധന നടത്തിയത്. മണ്ണിന്റെ സ്വഭാവവും വിള്ളലിന്റെ വ്യാപ്തിയും സംഘം വിശദമായി വിലയിരുത്തി.
ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പ്രകാശൻ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, ഹസാർഡ് അനലിസ്റ്റ് ശില്പ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഓഗസ്റ്റ് 28-ന് ഗൃഹപ്രവേശം നടത്താനിരിക്കെ, വീടിന് പിന്നിൽ കക്കൂസ് കുഴിയെടുക്കുന്നതിനിടയിലാണ് ഭൂമിക്കടിയിലേക്ക് കൂറ്റൻ ഗർത്തം രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നിർമ്മാണം പൂർത്തിയായ വീട്ടിലേക്ക് മാറാനാകാതെ ദുരിതത്തിലായ കുടുംബത്തിന്, വിദഗ്ധ സംഘം കളക്ടർക്ക് നൽകുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.













Leave a Reply