പ്രശ്നങ്ങൾ പരിഹരിക്കാതെ ചാലിക്കാൽ ടോൾ പ്ലാസ തുറക്കരുത്: കെ. നീലകണ്ഠൻ എം.എൽ.എ

പെരിയ: ദേശീയപാത വികസനത്തെ തുടർന്ന് പ്രദേശവാസികൾ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ ചാലിക്കാൽ ടോൾ പ്ലാസ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കെ. നീലകണ്ഠൻ എം.എൽ.എ. ചാലിക്കാലിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിൽ കാണാനോ കേൾക്കാനോ ബന്ധപ്പെട്ട വകുപ്പുകളോ നിർമാണ കമ്പനിയോ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വ്യാഴാഴ്ച തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും എം.എൽ.എ അറിയിച്ചു.

പ്രതിഷേധവുമായി നാട്ടുകാരും തൊഴിലാളികളും

  • ചാലിക്കാൽ ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്ന കാർത്ത്യായനിയുടെ വീട്ടിലേക്ക് റോഡിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ചെത്തി കെട്ടിക്കിടക്കുന്നതിനാൽ കുടുംബത്തിന് സ്വന്തം വീട്ടിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യമാണുള്ളത്.
  • സർവീസ് റോഡ് നിർമാണം അപൂർണ്ണമായതിനാൽ യാത്രക്കാരെ ലഭിക്കാതെ ഓട്ടോ തൊഴിലാളികൾ പട്ടിണിയിലാണെന്ന് ഓട്ടോ ഡ്രൈവർ യു. പ്രകാശൻ വ്യക്തമാക്കി. മേഖലയിലെ ഭൂരിഭാഗം ഓട്ടോ സ്റ്റാൻഡുകളിലും സമാനമായ അവസ്ഥയാണ്.

തുടർസമരങ്ങൾ പഞ്ചായത്ത് തല സമരസമിതി തയ്യാറാക്കിയ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത എം.എൽ.എയ്ക്ക് കൈമാറി. വരും ദിവസങ്ങളിൽ ദേശീയപാത അതോറിറ്റി അധികൃതർക്കും എം.പിക്കും നിവേദനം സമർപ്പിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കാൽ നാരായണൻ, സിന്ധു പത്മനാഭൻ, എ.വി. മിനി, കെ. ബിന്ദു, എ. സന്തോഷ് കുമാർ, കെ.പി. ദീപ, ഷാജി എടമുണ്ട, ഭാസ്കരൻ ചാലിക്കാൽ തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *