പോക്‌സോ കേസ്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി; നടപടി വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ

കാസർകോട്: പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം കോടതി റദ്ദാക്കി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് നടപടി. വിചാരണയ്ക്ക് കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. നിലവിൽ മറ്റൊരു വധശ്രമക്കേസിൽ ഇയാൾ ഒളിവിലാണ്.

പോക്‌സോ കേസിലെ അതിജീവിതയുടെ ശബ്ദവും മൊഴിയും സ്വന്തം ഓൺലൈൻ ചാനലിലൂടെ പുറത്തുവിട്ട് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് ഖാദർ കരിപ്പൊടിക്കെതിരെ കാസർകോട് വിദ്യാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 72 (1), പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തി രജിസ്റ്റർ ചെയ്ത ഈ കേസിൽ ഇയാൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ, കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതോടെ ഇയാൾ ഒളിവിൽ പോവുകയും, തുടർന്ന് പോക്‌സോ കേസിന്റെ വിചാരണ നടപടികൾക്ക് കോടതിയിൽ ഹാജരാകാതിരിക്കുകയുമായിരുന്നു. തുടർന്നാണ് കർശന നടപടിയുമായി കോടതി ജാമ്യം റദ്ദാക്കിയത്.

പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹമ്മദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അബ്ദുൽ അഹമ്മദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും റാഷിദ്, അഷ്റഫ് എന്നിവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഖാദർ കരിപ്പൊടിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *