ശിവപുരത്ത് മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാർ

കാസർകോട്: കോളിയടുക്കം-പെരുമ്പള റോഡിലെ ശിവപുരം എ.കെ.ജി. വായനശാലക്കുസമീപം റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലും പുലർച്ചെയുമായി വാഹനങ്ങളിലെത്തുന്നവരാണ് പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യക്കെട്ടുകൾ റോഡരികിലേക്ക് വലിച്ചെറിയുന്നത്.

ഇവിടെ തെരുവുവിളക്കുകളോ സി.സി.ടി.വി. ക്യാമറകളോ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലാത്തതാണ് മാലിന്യ നിക്ഷേപകർക്ക് തുണയാകുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി റോഡിലേക്ക് വലിച്ചിഴക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.

മാലിന്യങ്ങൾ ചീഞ്ഞുനാറിയുള്ള ദുർഗന്ധവും തെരുവ് നായ്ക്കളുടെ ഭീഷണിയും കാരണം കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഈ റോഡിലൂടെ നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യം കാരണം പ്രദേശവാസികൾ വൻ ഭീതിയിലാണ് കഴിയുന്നത്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ചെമ്മനാട് പഞ്ചായത്ത് അധികൃതർ ഉടൻ ഇടപെടണമെന്നും, മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *