കാസർകോട് കേന്ദ്ര സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച്: സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസർകോട്: പെരിയ കേന്ദ്ര സർവകലാശാലയിൽ ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ വൻ പ്രതിഷേധം. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പെരിയ ടൗണിൽ നിന്നാരംഭിച്ച മാർച്ച് സർവകലാശാലാ കവാടത്തിന് സമീപം പൊലീസ് ബാരിക്കേഡ് നിരത്തി തടയുകയായിരുന്നു. ബാരിക്കേഡ് മറിച്ചിടാനും മുകളിലേക്ക് കയറാനും പ്രവർത്തകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, പുറത്ത് എസ്എഫ്ഐ മാർച്ച് നടക്കുമ്പോൾ ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും ശക്തമായ പ്രതിഷേധം ഉയർത്തി.

25 വിദ്യാർത്ഥികൾക്കെതിരെ കേസ്; 5 പേർക്ക് സസ്‌പെൻഷൻ

കേന്ദ്ര സർവകലാശാലയിൽ നടന്ന ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത 25 വിദ്യാർത്ഥികൾക്കെതിരെ ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സെമിനാർ അലങ്കോലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു നടപടി.

ഇതിന് പിന്നാലെയാണ് സർവകലാശാല അഞ്ച് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകരായ എസ്. സെയ്ദ് അലി, വി.ബി. ആവേദ്, എംഎസ്എഫ് പ്രവർത്തകരായ ശബീർ, തഖ്വിയുദ്ദീൻ, എൻഎസ്‌യു പ്രവർത്തകൻ യാസിൻ എന്നിവർക്കെതിരെയാണ് സർവകലാശാല നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികൾക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *