ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച ഏഴ് വയസ്സുകാരി സഫയുടെ ഖബറടക്കം മൊഗ്രാലിൽ നടന്നു

മൊഗ്രാൽ: ഷാർജയിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ദാരുണമായി മരണപ്പെട്ട മൊഗ്രാൽ സ്വദേശിനിയായ ഏഴ് വയസ്സുകാരി സഫയുടെ മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മൊഗ്രാൽ കാടിയംകുളം “സഫ” മൻസിലിൽ മുബാറക് അലി – മുർഷിദ ദമ്പതികളുടെ ഏക മകളാണ് സഫ (7). ഇന്ന് രാവിലെ മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് അങ്കണത്തിലാണ് ഖബറടക്കം നടന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഷാർജ അൽനബ്ബയിലെ ഫ്ലാറ്റിലായിരുന്നു അപകടം. മൂന്നാം നിലയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാർജയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ. അപകടം നടക്കുമ്പോൾ മാതാവ് മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് ഓഫീസിൽ ജോലിക്ക് പോയിരുന്നു. പിതാവ് മുബാറക് അലി ഈ സമയം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ് മുബാറക്.

സ്കൂൾ വേനലവധിക്കായി നാട്ടിലെത്തിയിരുന്ന കുടുംബം അവധി കഴിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു യുഎഇയിലേക്ക് മടങ്ങിയത്. ഗൾഫിലെത്തി ദിവസങ്ങൾക്കുള്ളിലുണ്ടായ ഏക മകളുടെ വേർപാട് കുടുംബത്തോടൊപ്പം നാടിനെയും തീരാക്കണ്ണീരിലാഴ്ത്തി.

സഫ മോളുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം തുടങ്ങിയ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *