നീലേശ്വരം: ചന്തേര പോലീസ് സ്റ്റേഷനിൽ 2017-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ പിലിക്കോട് മട്ടലായി സ്വദേശി കെ. ജയദേവനെ (58) പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽകുമാറിന്റെ പ്രത്യേക ഇന്റലിജൻസ് സ്ക്വാഡ് ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
2017-ൽ പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകിയ ശേഷം ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ അറസ്റ്റിലായ ജയദേവൻ, പിന്നീട് കോടതിയിൽനിന്ന് ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇയാൾ തിരുവനന്തപുരം, എറണാകുളം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാജ പേരുകളിൽ സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും ജോലി ചെയ്തു വരികയായിരുന്നു.
സാങ്കേതിക നിരീക്ഷണങ്ങൾക്കൊടുവിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് പി., അജയൻ വി.വി. എന്നിവരടങ്ങിയ സംഘമാണ് ആലുവയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.














Leave a Reply