കൊച്ചി: വിവാദമായ മാസപ്പടി ഹവാല ഇടപാട് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലുകളിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഫയലിൽ സ്വീകരിക്കണമോ എന്ന കാര്യത്തിൽ കോടതി വിധി പറയാൻ മാറ്റി.
അപ്പീൽ ഹർജികൾ സ്വീകരിക്കുന്ന കാര്യത്തിൽ ആദ്യം തീരുമാനമെടുക്കട്ടെയെന്നും, അതിനുശേഷം മാത്രമേ സ്റ്റേ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ശക്തമായി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
പിണറായിയെ പിന്തുണച്ച് സർക്കാർ നിലപാട്
അതേസമയം, ഹർജിയിലെ പിണറായി വിജയന്റെ വാദങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തക്കവണ്ണമുള്ള മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ചില ഡയറി രേഖകൾ മാത്രമാണ് കൈമാറിക്കിട്ടിയത്. അതുകൊണ്ടാണ് വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതെന്നും അഡ്വക്കേറ്റ് ജനറൽ (എ.ജി) വ്യക്തമാക്കി. കേസിൽ പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ തന്നെയാണ് സർക്കാർ ഇപ്പോഴുമുള്ളതെന്നും എ.ജി കോടതിയിൽ വ്യക്തമാക്കി. കൂടാതെ പരാതിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്നും സർക്കാർ വാദിച്ചു.
ഹർജികളെ ശക്തമായി എതിർത്ത് ഇ.ഡി
പ്രതികൾ നൽകിയ അപ്പീൽ ഹർജികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ശക്തമായി എതിർത്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇ.ഡിയുടെ പ്രധാന ചോദ്യം.
വിഷയത്തിൽ ഇരുപക്ഷത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട കോടതി, അപ്പീൽ സ്വീകാര്യതയിൽ ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.















Leave a Reply