പിലാത്തറ സ്വർണ്ണക്കവർച്ചക്കേസ്: ക്വട്ടേഷൻ സംഘാംഗമായ ഒരാൾ കൂടി പിടിയിൽ

പയ്യന്നൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണ്ണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മാലൂർ കുണ്ടേരിപൊയിൽ വയൽ ഹൗസിൽ അശ്വന്ത് (26) ആണ് പോലീസിന്റെ പിടിയിലായത്. കവർച്ചാ ആസൂത്രണത്തിലും നിർവ്വഹണത്തിലും നേരിട്ട് പങ്കാളിയായ ആളാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

കണ്ണൂർ റൂറൽ എസ്.പി. ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പയ്യന്നൂർ എസ്.ഐ. ഷർഫുദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് കുണ്ടേരിപൊയിലിലെ ഒളിത്താവളത്തിൽ വച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ അശ്വന്ത് സജീവ സി.പി.എം പ്രവർത്തകനാണ്. മുൻപ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ കുണ്ടേരിപൊയിലിൽ കള്ളവോട്ട് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റിനെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.

വിവിധ വ്യക്തികളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക ക്വട്ടേഷൻ സംഘമാണ് ജ്വല്ലറി ഉടമയെയും കുടുംബത്തെയും ആക്രമിച്ച് കൊള്ള നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ കഴിഞ്ഞ പതിമൂന്നാം തീയതി ബി.ജെ.പി പ്രവർത്തകനായ കീച്ചേരി പാറക്കടവ് സ്വദേശി സനു സന്തോഷിനെ (42) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തലശ്ശേരിയിൽ സ്വർണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയ സംഘം എടാട്ടുവെച്ച് തടയുകയായിരുന്നു. തുടർന്ന് യാത്രക്കാരെ മർദ്ദിച്ച് വശത്താക്കിയ ശേഷം കാർ പിലാത്തറയിലേക്ക് തട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് 25 ഗ്രാം സ്വർണ്ണവും 55 ലക്ഷം രൂപയും കവർന്നത്. കേസിലെ മറ്റു പ്രതികളെ മുഴുവൻ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *