കാസർകോട്: പെർമുദെ പെരിയടുക്കയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിന് നേരെ വീണ്ടും അക്രമം. വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് കാറുകളുടെ ചില്ലുകളാണ് അജ്ഞാതർ അടിച്ചു തകർത്തത്. ടി. രോഹിതാക്ഷയുടെ ഉടമസ്ഥതയിലുള്ള ‘ആദിയ ഓട്ടോമൊബൈൽസ്’ എന്ന സ്ഥാപനത്തിന് നേരെയാണ് തുടർച്ചയായി അക്രമമുണ്ടാകുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് കാറുകളുടെ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഇതേ വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരുന്നു. പൈവളിക സ്വദേശി അബ്ദുൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള പോളോ കാറാണ് അന്ന് കത്തിനശിച്ചത്. ഈ അക്രമത്തിന്റെ ദൃശ്യങ്ങൾ വർക്ക്ഷോപ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാത്രി തന്നെ വീണ്ടും നാല് കാറുകൾക്ക് നേരെ അക്രമം നടന്നിരിക്കുന്നത്. കാറിന് തീയിട്ട അതേ അക്രമി തന്നെയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. വ്യക്തിവൈരാഗ്യമാണ് അക്രമങ്ങൾക്ക് പിന്നിലെ പ്രാഥമിക കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവമറിഞ്ഞ് കുമ്പള ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ തിരിച്ചറിയാനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്.













Leave a Reply