കാസർകോട്: കാറിൽ കടത്തുകയായിരുന്ന വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം കാസർകോട് ടൗൺ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പതിനൊന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36,626 പാക്കറ്റ് പാൻ മസാല ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന നോർത്ത് തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി സി.കെ. മുഹമ്മദ് സഫീറി(27)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ മധൂർ ചെട്ടുംകുഴിയിലാണ് താമസിച്ചുവരുന്നത്.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ കുഡ്ലു വില്ലേജിലെ ആസാദ് നഗർ ബസ് സ്റ്റോപ്പിന് സമീപം കാസർകോട് ടൗൺ പൊലീസ് സംഘം ക്രമസമാധാന പാലനത്തിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ചൗക്കി ഭാഗത്തുനിന്ന് ഉളിയത്തടുക്ക ഭാഗത്തേക്ക് വരികയായിരുന്ന KL 86 C 3954 നമ്പർ വെളുത്ത കാർ, ഉദ്യോഗസ്ഥരെ കണ്ട് പെട്ടെന്ന് നിർത്തി തിരിച്ചുപോകാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സംഘം വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ പരസ്പരവിരുദ്ധമായി സംസാരിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
തുടർന്ന് കാറിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പിൻസീറ്റിലും പ്ലാറ്റ്ഫോമിലും ഡിക്കിയിലുമായി അടുക്കിവെച്ച നിലയിൽ 11 വലിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ചാക്കുകൾ തുറന്ന് പരിശോധിച്ചപ്പോൾ സംസ്ഥാനത്ത് വിൽപനയും ഉപയോഗവും നിരോധിച്ച വിവിധ ബ്രാൻഡുകളിലുള്ള 36,626 പാക്കറ്റ് പാൻ മസാല ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. സ്കൂൾ കുട്ടികൾക്കും മറ്റും അനധികൃത വിൽപന നടത്തുന്നതിനായി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
കാസർകോട് സബ് ഇൻസ്പെക്ടർ പി.വി. മനു, ജൂനിയർ എസ്.ഐ പ്രജിത്ത്, എ.എസ്.ഐ ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, രഞ്ജിത്ത്, ജിതീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘവും ജില്ലാ ഡാൻസാഫ് സ്ക്വാഡുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പുകയില ഉൽപ്പന്നങ്ങളും കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്ത പൊലീസ്, പ്രതിക്കെതിരെ കേരള പൊലീസ് ആക്ട് 118(i), കോട്പ (COTPA) നിയമത്തിലെ സെക്ഷൻ 6, 24 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.













Leave a Reply