‘ഓപ്പറേഷൻ തെളിമ’: കാസർകോടും കാഞ്ഞങ്ങാടും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

കാസർകോട്: സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തെളിമ’ പദ്ധതിയുടെ ഭാഗമായി കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളിൽ വ്യാപക പരിശോധന. രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 188 ലിറ്റർ ഉപയോഗിച്ച പാചക എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 21 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി നോട്ടീസ് നൽകി.

ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനയുമായി രംഗത്തിറങ്ങിയത്. ഇത്തരത്തിലുള്ള എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനും ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനും ഊന്നൽ നൽകിയാണ് ‘ഓപ്പറേഷൻ തെളിമ’ നടപ്പിലാക്കുന്നത്.

കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സംഗീത് എസ്-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കാസർകോട്, കാഞ്ഞങ്ങാട് ടൗൺ മേഖലകളിലെ ഹോട്ടലുകൾ, ബേക്കറികൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *