കാസർകോട്: ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വിദ്യാർത്ഥി മുഹമ്മദ് ഇയാസ് മരണപ്പെട്ട സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിൽ പ്രതിഷേധിച്ചാണ് നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്.
നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ജനറൽ ആശുപത്രി കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് കവാടത്തിന് മുന്നിൽ നടന്ന ധർണ്ണ ഐ.എൻ.എൽ (INL) സംസ്ഥാന സെക്രട്ടറി എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹനീഫ് ഹദ്ദാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, റഹീം ബെണ്ടിച്ചാൽ, കെ.കെ. അബ്ബാസ്, ഹനീഫ് തുരുത്തി, മൊയ്ദു ഹദ്ദാദ്, അബ്ദുൽ റഹിമാൻ കൊളവയൽ തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ മാർച്ചിന് സിദ്ധീഖ് ചെങ്കള, ഇ.എൽ. നാസർ, നൗഷാദ് ബള്ളീർ, നാസർ കാഞ്ഞങ്ങാട്, അഷറഫ് തുരുത്തി, ശിഹാബ് പോപ്പി, ശക്കൂർ എരിയാൽ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.













Leave a Reply