നീലേശ്വരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ കടുത്ത നാശനഷ്ടങ്ങൾ നേരിട്ട നീലേശ്വരം നഗരസഭാ പരിധിയിലെ ചാത്തമത്ത് പ്രദേശങ്ങൾ നാഷണൽ വിമൻസ് ലീഗ് നേതാക്കൾ സന്ദർശിച്ചു. വീടുകൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ബന്ധുവീടുകളിലും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലുമായി കഴിയുന്ന കുടുംബങ്ങളെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ച നേതാക്കൾ, അടിയന്തര സഹായമായി ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു.
ദുരിതബാധിതരുടെ വീടുകളിലെത്തി നിലവിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. വീടുകൾക്കും ഗൃഹോപകരണങ്ങൾക്കും കൃഷിയിടങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ദുരിതബാധിതർക്ക് അർഹമായ ധനസഹായം സർക്കാർ തലത്തിൽ എത്രയും വേഗം ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് സംഘം ആവശ്യപ്പെട്ടു.
നാഷണൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ഹസീന ടീച്ചർ, ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ, സെക്രട്ടറി എൽ. സുലൈഖ, ഭാരവാഹികളായ നജ്മ റാഫി, ഹസീന പടന്നക്കാട്, സമീറ നാസർ കാഞ്ഞങ്ങാട്, റസീന കോട്ടപ്പുറം, നീലേശ്വരം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീന മുഹമ്മദ്, വാർഡ് കൗൺസിലർ ഇ. ചന്ദ്രമതി എന്നിവരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത പ്രതിനിധികൾ, അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനും തുടർന്നുള്ള പുനരധിവാസ നടപടികൾക്കും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകി.














Leave a Reply