നീലേശ്വരം: കാസർഗോഡ് നീലേശ്വരം ചാത്തമത്ത് പ്രദേശത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ വിപുലമായ ‘സൂപ്പർ ക്ലോറിനേഷൻ’ ക്യാമ്പയിന് തുടക്കമായി.
ഭക്ഷണവിഷബാധ ലക്ഷണങ്ങളോടെ എത്തിയവരിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് അഞ്ചുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതേതുടർന്നാണ് ചാത്തമത്ത് പ്രദേശം കേന്ദ്രീകരിച്ച് ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയത്.
130 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ
രോഗബാധ സ്ഥിരീകരിച്ച 13-ാം വാർഡ് ചാത്തമത്തും സമീപപ്രദേശങ്ങളായ വള്ളിക്കുന്ന്, പൂവാലംകൈ, കുഞ്ഞിപ്പുളിക്കാൽ വാർഡുകളിലെയും മുഴുവൻ കിണറുകളും ശുദ്ധീകരിച്ചു വരികയാണ്. വ്യാഴാഴ്ച 10 സ്‌ക്വാഡുകളായി തിരിഞ്ഞ് ചാത്തമത്ത് പ്രദേശത്തെ 130 കിണറുകളിലാണ് സൂപ്പർ ക്ലോറിനേഷൻ നടത്തിയത്.
പ്രദേശത്തെ 241 വീടുകൾ ആശ്രയിക്കുന്ന രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ രണ്ട് ക്യാച്ച്‌മെന്റ് ഏരിയകളും ജല അതോറിറ്റി കുടിവെള്ള പദ്ധതിയുടെ ക്യാച്ച്‌മെന്റ് ഏരിയയും പൂർണ്ണമായും ശുദ്ധീകരിച്ചു.
നാടൊന്നിച്ചു; ബോധവൽക്കരണം ശക്തം
നീലേശ്വരം നഗരസഭാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി സൂപ്പർ ക്ലോറിനേഷൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ഒത്തുചേർന്നാണ് ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇതോടൊപ്പം ചാത്തമത്ത് എ.യു.പി. സ്‌കൂളിൽ പ്രത്യേക ഷിഗെല്ല ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ബി. സന്തോഷ്, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സോനു ബി. നായർ എന്നിവർ ക്ലാസുകളെടുത്തു. സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും ഏകോപിപ്പിച്ച് ചാത്തമത്ത് വായനശാലയിലും ബോധവൽക്കരണ പരിപാടികൾ നടത്തി.
നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.വി. സുരേന്ദ്രൻ, കൗൺസിലർമാരായ സി. സുഭാഷ്, ഇ. ചന്ദ്രമതി, താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ എം. ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രഞ്ജിത്ത് തേലപ്പുറത്ത്, എം.വി. ബാലകൃഷ്ണൻ, സന്നദ്ധപ്രവർത്തകൻ എം. ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി. ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം നീലേശ്വരത്ത് തങ്ങി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.












Leave a Reply