നീലേശ്വരം: നീലേശ്വരം പുഴയോരത്ത് റാമ്പ് നിർമ്മിക്കേണ്ട ഭാഗത്തെ കുഴികൾ മാലിന്യങ്ങൾ തള്ളി മൂടാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനകീയ സമരസമിതി. റാമ്പ് നിർമ്മാണത്തിനായി എടുത്ത നീർവാഴ്ചയുള്ള കുഴികളിൽ മരക്കുറ്റികളും തുരുമ്പിച്ച കമ്പികളും ഉപയോഗശൂന്യമായ സിമൻ്റ് റിംഗുകളും തള്ളിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ജനകീയ സമരം 206-ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് നിർമ്മാണ മേഖലയിൽ വീണ്ടും കമ്പനിയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടായത്.
മുൻപും ഇതേ സ്ഥലത്ത് വൻതോതിൽ സിമൻ്റ് അവശിഷ്ടങ്ങൾ തള്ളിയത് വലിയ എതിർപ്പുകൾക്ക് കാരണമായിരുന്നു. അന്ന് സമരസമിതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് അധികൃതർ ഇടപെട്ട് മാലിന്യങ്ങൾ നീക്കം ചെയ്യിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വേസ്റ്റ് കോൺക്രീറ്റ് സാമഗ്രികളും മരച്ചില്ലകളും തള്ളി കുഴികൾ നികത്താൻ ശ്രമം നടന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സമരസമിതി പ്രവർത്തകർ സ്ഥലത്തെത്തി നിർമ്മാണ ജോലികൾ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. ജനകീയ സമരസമിതി ജനറൽ കൺവീനർ ഡി. രാജൻ, ട്രഷറർ മഹമ്മൂദ് കോട്ടായി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
സമരസമിതി പ്രവർത്തകരായ രാജു രാമൂട്ടി, സി.എം. അശോക് കുമാർ, ശശി പള്ളിക്കര, വിനോദ് പി.വി., മനോജ്, അനൂപ്, അശോക് കുമാർ, രാജീവൻ അറുവാത്ത്, രമേശൻ നായർ, എൻ.സി. വിജയൻ, രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ജനകീയ ആവശ്യങ്ങൾ പരിഗണിക്കാതെയും മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.














Leave a Reply