കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശസ്തമായ ബെള്ളൂർ നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിൽ കവർച്ചാശ്രമം. ചുറ്റമ്പലത്തിന്റെ വാതിൽ തുറന്ന് അകത്തുകടന്ന മോഷ്ടാവ് ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന ഭണ്ഡാരം കവർന്നെങ്കിലും പണം അപഹരിക്കാൻ സാധിച്ചില്ല. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇത് ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് പുലർച്ചെ പൂജകൾക്കായി മേൽശാന്തി എത്തിയപ്പോഴാണ് ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരം കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭണ്ഡാരം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികൾ സ്ഥലത്തെത്തുകയും ആദൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആദൂർ എസ്.ഐയും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രം.














Leave a Reply