തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്നാണ് പുതിയ സർക്കാർ നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഴകുളം മധു എംഎൽഎയും നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരുന്നു.
നവീൻ ബാബുവിൻ്റെ മരണത്തിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം തുടർ അന്വേഷണ റിപ്പോർട്ട് കോടതി പരിഗണിച്ചിരുന്നു. കുടുംബം ആവശ്യപ്പെട്ട ജനുവരി മുതലുള്ള സിഡിആറിൻ്റെ വിവരം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. മാർച്ച് മുതൽ നവംബർ വരെയുള്ള സിഡിആർ വിവരങ്ങളാണ് ഹാജരാക്കിയിരുന്നത്. ജനുവരി മുതലുള്ള സിഡിആർ വിവരങ്ങൾ നൽകണമെന്ന് നിർദ്ദേശിച്ച് കേസ് ജൂൺ ഒന്നിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.













Leave a Reply