കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ അറസ്റ്റിലായ പ്രതി സുഹൈലിനെതിരെ അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രതിയെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ എന്തെങ്കിലും തരത്തിലുള്ള പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് വീണ്ടും പരിശോധിക്കാൻ തയ്യാറാണെന്നും, മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പായ സെക്ഷൻ 304 ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഡിജിപി അറിയിച്ചു. എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്.ഐ.ആറിലെ ‘ദുരൂഹതകൾ’ വിവാദത്തിൽ
അതേസമയം, പോലീസിന്റെ ആദ്യ എഫ്.ഐ.ആറിൽ ഗുരുതരമായ വീഴ്ചകളും ദുരൂഹതകളും ഉണ്ടെന്ന ആരോപണം ശക്തമാണ്. അപകടമുണ്ടാക്കിയ ആളുടെ പേര് എഫ്.ഐ.ആറിൽ വ്യക്തമാക്കാതെ ‘അജ്ഞാതൻ’ (Unknown) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ നമ്പർ മാത്രമാണ് വിവരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രതി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി പ്രാഥമിക കണ്ടെത്തലുകൾ ഉണ്ടായിട്ടും, എഫ്.ഐ.ആറിൽ ഒരിടത്തുപോലും ‘മദ്യം’ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം. ‘പ്രതിയുടെ പ്രവർത്തി മൂലം’ എന്ന് രേഖപ്പെടുത്തിയതല്ലാതെ, മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചതാണ് ഈ പ്രവർത്തി എന്ന് എവിടെയും പറയുന്നില്ല. കൂടാതെ, കോടതിയിൽ ഹാജരാക്കിയ പ്രതിയെ സാധാരണ ജയിലിലേക്ക് അയക്കാതെ ബോർസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
‘ഏറ്റവും വലിയ ശിക്ഷ ഉറപ്പാക്കും’: രമേശ് ചെന്നിത്തല
പ്രതിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇരയുടെ കുടുംബത്തിന് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും ആര് വിചാരിച്ചാലും പ്രതിയെ രക്ഷിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
“പ്രതിയെ ബോർസ്റ്റൽ സ്കൂളിലേക്ക് അയച്ചത് പോലീസല്ല, കോടതിയാണ്. നിലവിലെ നിയമപരമായ നടപടികളുടെ ഭാഗമായാണ് കോടതി അത്തരമൊരു തീരുമാനമെടുത്തത്. അതിനർത്ഥം പ്രതി രക്ഷപ്പെടും എന്നല്ല. ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകും,” എന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.















Leave a Reply