ഉപ്പളയിലെ ജുനൈദ് എന്ന സയ്യിദ് ജവഹർ (29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്

കാസർകോട്: ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവ് അറസ്റ്റിലായി.

ഉപ്പള ഹീറോ കോംപ്ലക്‌സിന് സമീപത്തെ തങ്ങൾ ഹൗസിൽ ജുനൈദ് എന്ന സയ്യിദ് ജവഹർ (29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 10.200 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്നും പൊലീസിനെ കണ്ട് പരിഭ്രാന്തനായി

വ്യാഴാഴ്ച വൈകുന്നേരം അഞ്ചേമുക്കാൽ മണിയോടെ ഉപ്പള റെയിൽവെ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് സമീപത്തെ റോഡിൽ വച്ചാണ് പ്രതി വലയിലാകുന്നത്. മഞ്ചേശ്വരം എസ്.ഐ വിഷ്ണു എസ്. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. ഈ സമയം റോഡിൽ നിന്ന പ്രതി, പൊലീസ് ജീപ്പ് കണ്ടതോടെ പെട്ടെന്ന് പരിഭ്രാന്തനായി ഓടി മാറാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സംഘം ഇയാളെ തടഞ്ഞുനിർത്തി വിശദമായി പരിശോധിച്ചപ്പോഴാണ് കൈവശം സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്ന് കണ്ടെടുത്തത്.

പരിശോധന ശക്തമാക്കി പൊലീസ്

ജില്ലയിൽ ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി രൂപീകരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. പ്രതിക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് കണ്ണികളുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

മഞ്ചേശ്വരം എസ്.ഐ വിഷ്ണു എസ്. നായർക്കൊപ്പം പ്രൊബേഷൻ എസ്.ഐ അർജ്ജുൻ, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, സനീഷ് എന്നിവരും ലഹരിവേട്ട നടത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *