കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന തടവുകാരിൽ നിന്ന് എംഡിഎംഎ (MDMA) പിടികൂടി. ലഹരി വിൽപന കേസിലെ പ്രതികളായ റോഷ്നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ ജയിൽ അധികൃതർ കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ന്യൂമാഹി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് തിരികെ ജയിലിലെത്തിച്ച സമയത്താണ് ലഹരിമരുന്ന് കണ്ടെടുത്തത്. ജയിലിലെത്തിയ പ്രതികൾ വെള്ളം കുടിക്കാനായി ഗ്ലാസെടുത്തപ്പോൾ സംശയം തോന്നിയ ജീവനക്കാർ വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇവരുടെ പക്കൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
പിടിയിലായത് ലഹരി കേസ് പ്രതികൾ
റോഷ്നി സാവിയോ ആറ് ദിവസം മുൻപും റുബൈദ രണ്ട് ദിവസം മുൻപുമാണ് കണ്ണൂർ വനിതാ ജയിലിലെത്തിയത്. ആറ് ദിവസം മുൻപ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിന്ന് 194 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് എത്തിച്ചുനൽകിയത് റോഷ്നിയാണെന്ന് വ്യക്തമായത്. തുടർന്ന് ഇരിട്ടി പൊലീസ് തൃശൂരിൽ വെച്ച് അതിസാഹസികമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒരു പോക്സോ കേസിലും പ്രതിയായ റോഷ്നിയെന്ന സാബിറയ്ക്ക് അന്താരാഷ്ട്ര ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു പ്രതിയായ റുബൈദയെ ന്യൂമാഹിയിൽ നിന്നാണ് ലഹരിമരുന്നുമായി പിടികൂടിയത്. ആൺസുഹൃത്തുമായി ചേർന്ന് ന്യൂമാഹിയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തിവരവെയായിരുന്നു റുബൈദ പിടിയിലായത്.
സുരക്ഷാ പരിശോധനകൾ മറികടന്ന് ഇരുവരും എങ്ങനെയാണ് ജയിലിനുള്ളിലേക്ക് എംഡിഎംഎ എത്തിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.















Leave a Reply