കാസർകോട്: കാറിൽ മാരക ലഹരിമരുന്നായ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവും യുവതിയും അറസ്റ്റിൽ. ചട്ടഞ്ചാൽ എയ്യള ഹൗസിലെ മുഹമ്മദ് ഫൈസൽ (34), പൊയ്‌നാച്ചിയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തസ്‌ലീം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തുഫാൻ്റെ’ ഭാഗമായി ചെർക്കളയിൽ നടത്തിയ പരിശോധനയിലാണ് സിനിമയെ വെല്ലുന്ന ചേസിംഗിനൊടുവിൽ ഇരുവരും വലയിലായത്.
ചെർക്കള ദേശീയപാതയിൽ മേൽപ്പാലത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെയായിരുന്നു സംഭവം. വിദ്യാനഗർ എസ്ഐ വിജയൻ മേലത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ, കാസർകോട് ഭാഗത്തുനിന്നും ചട്ടഞ്ചാൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ പൊലീസ് വാഹനം കണ്ടതോടെ പെട്ടെന്ന് യു-ടേൺ എടുത്ത് കാസർകോട് ഭാഗത്തേക്ക് അമിതവേഗതയിൽ തിരിച്ചുപോവുകയായിരുന്നു.
സംശയം തോന്നിയ പൊലീസ് സംഘം കാറിനെ പിന്തുടർന്ന് 200 മീറ്ററോളം അകലെവെച്ച് വാഹനം കുറുകെയിട്ട് തടഞ്ഞു. പരിശോധനയിൽ കാറിൽ മുൻസീറ്റിൽ മുഹമ്മദ് ഫൈസലും തസ്‌ലീം ഫർസാനയും ഒപ്പം ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ഫൈസലിൻ്റെ പാൻ്റ്സിൻ്റെ കീശയിൽ നിന്ന് രണ്ട് സിപ്പ് ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തുടർന്ന് കാറിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരി ഉപയോഗിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഹുക്കയും പ്ലാസ്റ്റിക് പൈപ്പും സിപ്പ് ലോക്ക് കവറുകളും അടങ്ങിയ പൗച്ചും, ലഹരി അളന്നുവിൽക്കാൻ ഉപയോഗിക്കുന്ന സിൽവർ നിറത്തിലുള്ള ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമായാണ് ഇവ കൈവശം വെച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറും ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ എസ്ഐ വിജയൻ മേലത്ത്, എസ്ഐ കെ.വി. ജഗദീശൻ, എഎസ്ഐ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജീഷ്, സിവിൽ പൊലീസ് ഓഫീസർ സന്ധ്യ, ഡ്രൈവർ സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.













Leave a Reply