ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ച കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി കോയമ്പത്തൂരിൽ പിടിയിൽ

കാസർകോട്: അണങ്കൂർ ജെ.പി കോളനിയിലെ ജ്യോതിഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി ഒടുവിൽ പൊലീസ് വലയിൽ. തളങ്കര പള്ളിക്കാൽ പടുപ്പിൽ ഹൗസിലെ അബ്ദുൽ ഷഹീർ അനസി (33)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് കോയമ്പത്തൂരിൽ വെച്ച് പിടികൂടിയത്.

2013-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതിഷിനെ ചെങ്കള സന്തോഷ് നഗറിൽ വെച്ച് സംഘം ചേർന്ന് തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ നേരത്തെ അബ്ദുൽ ഷഹീർ അനസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ഇയാൾ മുങ്ങി. തുടർന്ന് കോടതി നടപടികളിൽ ഹാജരാകാതിരുന്നതോടെയാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തുടർന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് കോയമ്പത്തൂരിലെത്തി അതിസാഹസികമായി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *