കാസർകോട്: ജില്ലയിൽ ആശങ്ക പടർത്തി മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. ഉപ്പള മംഗൽപാടി കൃഷ്‌ണനഗറിലെ പരേതനായ ഭോജയുടെ മകൻ രഞ്ജിത്ത് (38) ആണ് ഇന്നലെ വൈകുന്നേരം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ രഞ്ജിത്ത് പ്രദേശത്തെ അറിയപ്പെടുന്ന കബഡി താരം കൂടിയാണ്.
അഞ്ചു ദിവസം മുമ്പ് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് രഞ്ജിത്ത് ആദ്യം കുമ്പളയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കുറയാത്തതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് മഞ്ഞപ്പിത്തം ഗുരുതരമായ അവസ്ഥയിലെത്തിയതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തര വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: പത്മാവതി. സഹോദരങ്ങൾ: വിജയ കെ.ആർ, സതീശ, സുനിൽ, തുളസി കുമാർ, ഉദയ, ദിനേശ, സുജിത്ത്, സച്ചിൻ, പ്രേമ, ഭവന്തി, സുനിത.
ജില്ലയിൽ രണ്ടു ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കോട്ടപ്പാറയിൽ താമസക്കാരനായ ബദിയഡുക്ക നെല്ലിക്കട്ട സ്വദേശി ഡി. രാധാകൃഷ്‌ണനും (48) മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.
അതേസമയം, കാസർകോട് ജില്ലയിൽ വിവിധയിടങ്ങളിൽ പനി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പനിയും ചുമയും മറ്റ് അനുബന്ധ ലക്ഷണങ്ങളുമായി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വ പാലനവും കർശനമാക്കണമെന്ന നിർദേശത്തിലാണ് ആരോഗ്യവകുപ്പ്.













Leave a Reply