കാസര്‍കോട്: ജില്ലയില്‍ വീണ്ടും വന്‍ ലഹരിവേട്ട. കാല്‍ക്കോടി രൂപയോളം വിപണിമൂല്യം വരുന്ന 697 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഉപ്പള സോങ്കാല്‍ സ്വദേശികളായ അഹമ്മദ് റുക്ഷാദ്, അബ്ദുല്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മാരക ലഹരിമരുന്നാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും നീലേശ്വരം പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്.
പഞ്ചാബില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ലഹരിമരുന്ന് കാസര്‍കോട്ടേക്ക് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് സംഘം കനത്ത നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ പ്രതികളെ സ്റ്റേഷന്‍ പരിസരത്തുവെച്ച് പൊലീസ് സംഘം വളഞ്ഞുപിടികൂടുകയായിരുന്നു. ഇവരുടെ ബാഗില്‍ പ്രത്യേകം സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.
ജില്ലാ പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം കാസര്‍കോട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അച്ചുത് അശോക്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു സംയുക്ത നീക്കം.
നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍മാരായ സാബു, ഓമനക്കുട്ടന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രമേശന്‍ എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ ഷൈജു, ആരിഫ്, സനൂപ്, രജീഷ് കാട്ടമ്പള്ളി, ഉണ്ണികൃഷ്ണന്‍, റിതേഷ്, വിജേഷ്, അനീഷ്, ഭക്തസെല്‍വന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പിടികൂടിയ ലഹരിമരുന്ന് ജില്ലയിലെ പ്രാദേശിക വിപണിയില്‍ ആര്‍ക്കൊക്കെ വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കണ്ണികള്‍ ആരൊക്കെയാണെന്നും കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














Leave a Reply