കാസര്‍കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ കൊലക്കേസ് പ്രതിയും

കാസര്‍കോട്: ജില്ലയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ ആദൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഉപ്പള ബേക്കൂര്‍ സ്വദേശി റിയാസ്, നെല്ലിക്കട്ട ചൂരിമൂലയില്‍ താമസിക്കുന്ന റഫീഖ് എന്നിവരാണ് പിടിയിലായത്.
ലഹരിമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി. നിതിന്‍ രാജിന്റെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് സംഘവും ആദൂര്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആദൂര്‍ പള്ളം പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും വലയിലായത്. പ്രതികളില്‍ നിന്ന് 18 ഗ്രാം എംഡിഎംഎയും ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

അറസ്റ്റിലായ ബേക്കൂര്‍ റിയാസ് മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. 2019 ജൂണ്‍ 23ന് രാത്രി ഉപ്പള കൈക്കമ്പ സ്വദേശി അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഇതുകൂടാതെ കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളിലും റിയാസിനെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *