മഞ്ചേശ്വരം ബി.ആര്‍.സി.യില്‍ കന്നഡ മീഡിയം അധ്യാപകനെ ബി.പി.സി.യായി നിയമിക്കണം: കന്നഡ അധ്യാപക സംഘടന രംഗത്ത്

ഉപ്പള: എസ്.എസ്.കെ.യുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ബി.ആര്‍.സി.കളില്‍ ബി.പി.സി.മാരെ നിയമിക്കുമ്പോള്‍ ഭാഷാ ന്യൂനപക്ഷ മേഖലയായ മഞ്ചേശ്വരം ഉപജില്ലയിലെ ബി.ആര്‍.സി.യില്‍ കന്നഡ മീഡിയം അധ്യാപകരെ പരിഗണിക്കാത്തതില്‍ കേരള സ്റ്റേറ്റ് കന്നഡ മീഡിയം ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മഞ്ചേശ്വരം ഉപജില്ലയിലെ 90 ശതമാനത്തോളം സ്‌കൂളുകളും ഭാഷാ ന്യൂനപക്ഷ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും കന്നഡ ഭാഷയില്‍ പഠിക്കുന്നവരുമാണ്. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ബി.ആര്‍.സി. മുഖേനയാണ് ഏകോപിപ്പിക്കുന്നത്. അധ്യാപക പരിശീലനം, എസ്.ആര്‍.ജി. പ്രവര്‍ത്തനങ്ങള്‍, ഡാറ്റാ ശേഖരണം, പരിശീലന പരിപാടികള്‍ തുടങ്ങിയവയുടെ ഏകോപനത്തില്‍ ബി.പി.സി.മാര്‍ക്ക് പ്രധാന ഉത്തരവാദിത്വമാണുള്ളത്.

കന്നഡ ഭാഷയില്‍ പ്രാവീണ്യമുള്ള അധ്യാപകനെ ബി.പി.സി.യായി നിയമിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് അനിവാര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കന്നഡ ഭാഷാ പരിജ്ഞാനമില്ലാത്ത ബി.പി.സി.മാര്‍ക്ക് ഭാഷാ ന്യൂനപക്ഷ മേഖലയിലെ അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും ഫലപ്രദമായി ആശയവിനിമയം നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നതായും സംഘടന വ്യക്തമാക്കി.
ഭാഷാ ന്യൂനപക്ഷ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട ഭാഷയില്‍ പ്രാവീണ്യമുള്ളവരെ നിയമിക്കണമെന്ന നിലപാട് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകളും കോടതി വിധികളും നിലവിലുണ്ടെന്നും സംഘടന പറഞ്ഞു. ഇവയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ രീതിയിലാണ് നിലവിലെ ബി.പി.സി. നിയമനമെന്നാണ് സംഘടനയുടെ ആരോപണം.

മഞ്ചേശ്വരം ബി.ആര്‍.സി.യിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സുഗമമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി കന്നഡ മീഡിയം അധ്യാപകനെ തന്നെ ബി.പി.സി.യായി നിയമിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, മഞ്ചേശ്വരം എം.എല്‍.എ., എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍ എന്നിവര്‍ക്ക് സംഘടന നിവേദനം നല്‍കിയിട്ടുണ്ട്. ആവശ്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും സംഘടനാ പ്രസിഡന്റ് അശോക് കൊട്‌ലമൊഗറും സെക്രട്ടറി സുനില്‍കുമാറും പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *