മാനന്തവാടിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകിയ കേസ്: രണ്ടുപേർ കൂടി പിടിയിൽ; ആകെ അറസ്റ്റ് ഏഴായി

മാനന്തവാടി: രക്ഷിതാക്കളറിയാതെ അർദ്ധരാത്രി പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടുപേരെക്കൂടി മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുക്കുന്ന് കല്ല്യാട്ടുംക്കുഴി സ്വദേശി ജനീലിയ (19), കണിയാരം പോത്തനാട്ടിൽ വീട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അജിത്ത് മാനന്തവാടി സ്റ്റേഷനിൽ ലഹരി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി ഉയർന്നു.

മുൻപ് അറസ്റ്റിലായവർ:

കഴിഞ്ഞ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് താഴെ പറയുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു:

  • റോബിൻ കെ. ജോയ് (20) – തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ
  • അമൽ കൃഷ്ണ (20) – മാനന്തവാടി കല്ലിയോട്ടുകുന്ന് ലിജുനിവാസ്
  • കെ.വി. ജിതിൻ (22) – കുറ്റിമൂല കള്ളമ്പറമ്പിൽ
  • സി. അജിത്കുമാർ (23) – എടവക ചാമാടിപൊയിൽ ചിറക്കൽ

പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ

ഈ മാസം 12-ന് അർദ്ധരാത്രിയാണ് രക്ഷിതാക്കളറിയാതെ കുട്ടിയെ പ്രതികൾ വീട്ടുപറമ്പിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് നിർബന്ധിച്ച് മദ്യവും സിഗരറ്റും നൽകുകയായിരുന്നു.

പിന്നീട് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ പ്രതികളിലൊരാളായ അമലിനൊപ്പം കണ്ടെത്തുകയായിരുന്നു. നിലവിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പോലീസ് അന്വേഷണം

മാനന്തവാടി ഇൻസ്‌പെക്ടറും എസ്.എച്ച്.ഒയുമായ പി. റഫീഖ്, എസ്.ഐമാരായ കെ.കെ. സോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി.പി.ഒമാരായ നിസാർ, എം.ആർ. രമേഷ്, കെ.ആർ. അനീഷ്, ഷിന്റോ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *