കാസർകോട്: കോളിച്ചാലിൽ കാറിൽ കടത്തുകയായിരുന്ന 70.87 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാളെക്കൂടി രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള, കയ്യാർ, ചേവാറിലെ അബ്ദുൽ റസാഖ് (36) ആണ് പിടിയിലായത്. രാജപുരം സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാറും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു.
കഴിഞ്ഞ സെപ്റ്റംബർ 30-നാണ് കോളിച്ചാലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പൊലീസ് പിടികൂടിയത്. സംഭവദിവസം കയ്യാർ, ചേവാറിലെ മുഹമ്മദ് ഷെരീഫ് (38), പുത്തിഗെ, എ.കെ.ജി നഗറിലെ പി.കെ. അബ്ദുൽ ഷഹീർ (38), ദണ്ഡഗോളി, പൂക്കട്ട ഹൗസിലെ മുഹമ്മദ് നാസർ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്.
കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷെരീഫിനെ കഴിഞ്ഞ ദിവസം സി.ഐ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൽ റസാഖിനെ പിടികൂടിയത്. കോളിച്ചാൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകാരെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് രാജപുരം പൊലീസ്.













Leave a Reply