ഷിറിയ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: ഷിറിയ പുഴയിൽ കാണാതായ ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിമിന്റെ (35) മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഷിറിയ അഴിമുഖത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രശസ്ത മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഷിറിയ പുഴയിൽ കോസ്റ്റൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ, മണൽക്കടത്ത് തോണിയിലുണ്ടായിരുന്നവർ പുഴയിലേക്ക് ചാടുകയായിരുന്നു. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ഇബ്രാഹിം ഒഴുക്കിൽപ്പെട്ട് കാണാതായി.

തുടർന്ന് മൂന്ന് ദിവസമായി കോസ്റ്റൽ പൊലീസും കുമ്പള പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇബ്രാഹിമിനെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ വ്യാഴാഴ്ച രാവിലെ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ്, കാണാതായ സ്ഥലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെടുത്തത്.

വിവരമറിഞ്ഞ് കുമ്പള കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആരിക്കാടി കടവത്തെ പരേതനായ അബ്ദുൽ ഖാദർ – സൈനബ ദമ്പതികളുടെ മകനാണ് മരിച്ച ഇബ്രാഹിം.

സഹോദരങ്ങൾ: ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ. സൗദ

Leave a Reply

Your email address will not be published. Required fields are marked *