ചായ്യോത്ത് കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിന് നേരെ ആക്രമണം; ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിന് പരിക്ക്

കാഞ്ഞങ്ങാട്: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ചേർന്ന കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിന് പരിക്കേറ്റു. വലതുകണ്ണിനും കഴുത്തിനും പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്കൂൾ മൈതാനത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കെ.എസ്.യു യൂണിറ്റ് സമ്മേളനം വിളിച്ചുചേർത്തത്. ഇത്തവണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും കെ.എസ്.യു സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള കൺവെൻഷൻ ആരംഭിക്കാനിരിക്കെ സംഘടിച്ചെത്തിയ ഒരു സംഘം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ജവാദ് പറഞ്ഞു.

ആക്രമണത്തെ തുടർന്ന് യോഗം തടസ്സപ്പെട്ടു. തുടർന്ന് സമീപത്തെ പള്ളിക്ക് മുന്നിലെ ടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ തന്നെ വീണ്ടും വളഞ്ഞിട്ട് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന ഐഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതായി ജവാദ് പുത്തൂർ വ്യക്തമാക്കി. സംഭവത്തിൽ ജവാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *