ഇന്ത്യൻ വനിതാ ഫുട്ബോളിൽ ചരിത്രമെഴുതി കാസർകോടിന്റെ മാളവിക; സാഫ് ഗെയിംസിൽ ഇന്ത്യക്ക് കിരീടം

കാസർകോട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ വിജയക്കുതിപ്പിൽ ചരിത്രം കുറിച്ച് കാസർകോടിന്റെ അഭിമാന താരം പി. മാളവിക. 2026 സാഫ് ഗെയിംസ് സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായാണ് നീലേശ്വരം ബങ്കളം സ്വദേശിയായ മാളവിക കാസർകോടിനും കേരളത്തിനും ഒരുപോലെ അഭിമാനമായി മാറിയത്.

തുടർച്ചയായ രാജ്യാന്തര നേട്ടങ്ങളിലൂടെ ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരമായി മാളവിക മാറിക്കഴിഞ്ഞു. കഴിഞ്ഞ വർഷം തായ്‌ലൻഡിൽ നടന്ന ഏഷ്യാകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലും മാളവികയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സാഫ് ഗെയിംസിലും താരം കനകകിരീടത്തിൽ പങ്കാളിയാകുന്നത്.

ഗോവയിൽ നടന്ന സാഫ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്കായി മാളവിക പുറത്തെടുത്തത് തകർപ്പൻ പ്രകടനമായിരുന്നു. മത്സരത്തിൽ താരം ഒരു ഗോൾ നേടുകയും, മറ്റൊരു ഗോളിലേക്ക് വഴിതുറന്ന പെനാൽട്ടി കിക്ക് നേടിയെടുക്കാൻ മുന്നേറ്റം നടത്തുകയും ചെയ്തു. ടൂർണമെന്റിലുടനീളം ഇന്ത്യൻ മുന്നേറ്റ നിരയിൽ നിർണായക സ്വാധീനമാകാൻ ഈ കാസർകോടുകാരിക്ക് സാധിച്ചു.

പോരാട്ടത്തിന്റെ ഫുട്ബോൾ വഴി: ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ നിന്നൊരു താരം ഇന്ത്യൻ സീനിയർ വനിതാ ടീമിൽ ഇടം നേടുന്നത്. നീണ്ട 26 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെത്തുന്ന ഏക മലയാളി താരം കൂടിയാണ് മാളവിക.

ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളായ മാളവിക, തന്റെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തത് പരിശീലകൻ നിധീഷ് ബങ്കളത്തിന്റെ കീഴിലുള്ള ‘വുമൺ ഫുട്ബോൾ ക്ലിനിക്കി’ലൂടെയാണ്. നിലവിൽ തൃശ്ശൂർ കാർമൽ കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിനിയാണ് ഈ ഇരുപത്തിരണ്ടുകാരി.

ദേശീയ-അന്തർദേശീയ തലങ്ങളിൽ കാസർകോടിന്റെ പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർത്ത മാളവികയ്ക്കും ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനും കായികപ്രേമികളിൽ നിന്നും നാടിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *