നീലേശ്വരം ആകാശപാത: പ്രതിഷേധം ശക്തമായതോടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 197-ാം ദിവസത്തിലേക്ക് കടന്നു.

പാലത്തിലേക്കുള്ള റാമ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചതുപ്പ് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തള്ളിയിരുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് കഷണങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ അവശിഷ്ടങ്ങള്‍, നാട്ടുകാരുടെയും സമരസമിതിയുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍മാണക്കമ്പനി രാത്രിയോടെ നീക്കം ചെയ്തു. ജനകീയ ഇടപെടലിനെത്തുടര്‍ന്നാണ് അവശിഷ്ടങ്ങള്‍ മാറ്റിയതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

സമരത്തിന്റെ ഭാഗമായി നടക്കുന്ന എട്ടാം ദിന റിലേ പ്രതിഷേധ ജാഥ വൈകിട്ട് സമരപ്പന്തലില്‍ നിന്ന് ആരംഭിച്ച് കരുവാച്ചേരി വഴി പള്ളിക്കരയില്‍ സമാപിച്ചു.
നഗരത്തെ രണ്ടായി വിഭജിക്കുന്ന വിധത്തിലുള്ള നിലവിലെ മണ്‍തിട്ട നിര്‍മ്മാണം അശാസ്ത്രീയമാണെന്നും, നെടുങ്ങണ്ട മുതല്‍ കരുവാച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിര്‍മ്മിക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. ചതുപ്പ് നിലത്തില്‍ ഉയര്‍ത്തുന്ന ഈ നിര്‍മ്മാണം സുരക്ഷാ ഭീഷണിയാണെന്നും, ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *