ഹൊസ്‌ദുർഗ്ഗ് ഡിവൈഎസ് പി ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസ്‌ദുർഗ്ഗ് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോട്ടച്ചേരി ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് നിരത്തി തടയുകയായിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ഇതിനിടയിൽ ബാരിക്കേഡ് മറികടന്ന് ഏതാനും പ്രവർത്തകർ ഡിവൈഎസ്പി ഓഫീസിന്റെ പ്രധാന ഗേറ്റിലെത്തി. ഇവരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചത് ഏറെ നേരം സംഘർഷാവസ്ഥയ്ക്കും ഗതാഗത തടസ്സത്തിനും ഇടയാക്കി.

പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. രതീഷ്, സംസ്ഥാന കമ്മിറ്റി അംഗം വി. ഗിനീഷ്, ജില്ലാ സെക്രട്ടറി നാസർ കുമ്പള തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *