മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി കാണിച്ച സംഭവം: താത്ക്കാലിക ദന്തൽ സർജനെ പിരിച്ചുവിട്ടു

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്ക്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. കാസർകോട് ജില്ലാ ആശുപത്രിയിലെ ദന്തൽ സർജനായ ഡോ. സിദ്ധാർത്ഥ് രവീന്ദ്രനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

നാഷണൽ ഹെൽത്ത് മിഷൻ (NHM) ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യാ ദയാനന്ദനാണ് ഡോക്ടറെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച സേവന കരാറിന്റെ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഒ.ജെ. ജനീഷിനെതിരെ നീലേശ്വരം, കാഞ്ഞങ്ങാട്, കുറ്റിക്കോൽ, തൃക്കരിപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വ്യാപക കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിൽ കാഞ്ഞങ്ങാട് നടന്ന പ്രതിഷേധ പരിപാടിയിലാണ് ഡോ. സിദ്ധാർത്ഥ് രവീന്ദ്രൻ സജീവമായി പങ്കെടുത്തത്.

ഡോക്ടർ കരിങ്കൊടിയുമായി പ്രതിഷേധത്തിൽ അണിനിരക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ സർവീസിലുള്ള ജീവനക്കാരൻ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആരോഗ്യവകുപ്പിന് പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച ശേഷമാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *