കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് അക്ഷരവെളിച്ചം പകർന്ന് സാക്ഷരതാമിഷൻ

കാസർകോട്: പേപ്പറിലെ ചെറിയ കുത്തുകൾക്ക് മുകളിലൂടെ വിരലോടിച്ച് അവർ അക്ഷരങ്ങൾ തിരിച്ചറിഞ്ഞു; അക്ഷരങ്ങൾ കൂട്ടിവായിച്ച് വാക്കുകളാക്കി, ഒടുവിൽ ബ്രെയിൽ ലിപിയുടെ അത്ഭുതലോകത്തേക്ക് അവർ നടന്നു കയറി. സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ ‘ദീപ്തി’ ബ്രെയിൽ ലിറ്ററസി പദ്ധതിയിലൂടെ കാസർകോട് ജില്ലയിൽ 15 പേർ അക്ഷരവെളിച്ചം സ്വന്തമാക്കി.

കാസർകോട് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കിയ ദീപ്തി ബ്രെയിൽ ലിറ്ററസി പ്രോഗ്രാമിന്റെ ഒന്നാം ഘട്ട വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയായി. കേരള സംസ്ഥാന സാക്ഷരതാ മിഷൻ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് (KFB), ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവരുടെ സംയുക്ത സഹകരണത്തോടെ സംസ്ഥാനതലത്തിൽ നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതിയാണിത്.

ജില്ലയിൽ നടത്തിയ സർവ്വേയിലൂടെ കണ്ടെത്തിയ 47 പേരിൽ 20 പേരാണ് ക്ലാസുകളിൽ പങ്കെടുത്തത്. ഇതിൽ 15 പേർ വിജയകരമായി പരീക്ഷ പൂർത്തിയാക്കി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം വിതരണം ചെയ്തു.

കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായുള്ള ദീപ്തി പദ്ധതി വരുംവർഷങ്ങളിലും ജില്ലാ പഞ്ചായത്ത് തുടരുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 1.32 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഠിതാക്കളുടെ യാത്രാപ്പടി, ഭക്ഷണം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്‌ബാൽ, അംഗങ്ങളായ കെ. സബീഷ്, ടി.വി. രാധിക, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, കെ.എഫ്.ബി ജില്ലാ സെക്രട്ടറി സി.എച്ച്. നാരായണൻ, ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം പ്രതിനിധികളായ സതീശൻ മാസ്റ്റർ, ഉമേശൻ മാസ്റ്റർ, ബ്രെയിൽ അധ്യാപകൻ പി.എൻ. തമ്പാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ കെ.വി. രതീഷ് സ്വാഗതവും ക്ലാസ് കോർഡിനേറ്റർ എ. തങ്കമണി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *