ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ 18കാരൻ മരണത്തിന് കീഴടങ്ങി. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ക്രൂരമായ ആൾക്കൂട്ട അക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും, രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. വികലാംഗരും നിർദ്ധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്ന യുവാവിന്റെ വേർപാടിൽ ഞെട്ടൽ മാറാതെ നാട്.

ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണനും, സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ‘തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു.’ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ഹരികൃഷ്ണന്റെ മരണത്തില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അക്രമം നടന്ന് 4 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. അതേസമയം സംഭവത്തെ തുടർന്ന് പ്രതികൾ ഒളിവിൽ പോയതായാണ് സൂചന..

Leave a Reply

Your email address will not be published. Required fields are marked *