കേന്ദ്ര സർവകലാശാലയിൽ സെമിനാർ തടസ്സപ്പെടുത്തി വിദ്യാർത്ഥി പ്രതിഷേധം: കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസ്

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

ഗവർണറുടെ പരിപാടിക്ക് ശേഷം, സെമിനാറിന്റെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ. ശ്രീകുമാറിന്റെ പ്രസംഗം അലങ്കോലപ്പെടുത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പസിലെത്തിയത്. ശ്രീകുമാർ സംസാരിക്കുന്നതിനിടെ ‘ഗോ ബാക്ക്’ വിളികളുമായി വിവിധ വിദ്യാർത്ഥി സംഘടനകളിൽപ്പെട്ടവർ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ചെരിപ്പും ഷൂസും ഉയർത്തിക്കാട്ടി പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു.

വിദ്യാർത്ഥികളോട് സ്വന്തം സീറ്റുകളിലേക്ക് മാറാൻ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു. ഇതിനിടെ മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ പൂർണമായി തടസ്സപ്പെട്ടു.

തുടർന്ന് എബിവിപി പ്രവർത്തകരും എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് പ്രവർത്തകരും പരസ്പരം ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടു. സ്ഥിതി കൂടുതൽ വഷളായതോടെ പൊലീസ് വിദ്യാർത്ഥികളെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കുകയായിരുന്നു. സമയത്തിന് പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇരുവിഭാഗങ്ങളും തമ്മിൽ വലിയ സംഘർഷത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *